
Brothers Day Movie Review
ബ്രദേഴ്സ് ഡേ കലാഭവൻ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭം. സിനിമയിൽ വർഷങ്ങളായി പ്രവർത്തി പരിചയം ഉള്ളൊരാൾ സിനിമയുമായി വരുമ്പോൾ പ്രതീക്ഷകൾ ഏറും. എന്നാൽ ആ പ്രതീക്ഷകൾക്കൊപ്പം ബ്രദേഴ്സ് ഡേ എത്തിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഹ്യൂമർ എന്ന് പറഞ്ഞ് എത്തുകയും ത്രില്ലറിനെ പ്രാധാന്യം നൽകുകയും ചെയ്ത ബ്രദേഴ്സ് ഡേ ഹ്യൂമറുമായില്ല ത്രില്ലറുമായില്ല എന്ന അവസ്ഥയിൽ കാഴ്ച്ചക്കാരുടെ ക്ഷമ പരീക്ഷിക്കുകയാണ്.
ഇത്രയും വലിയ പ്രമോഷൻ ലഭിച്ച സിനിമ ഈ അടുത്ത് ഇറങ്ങിയിട്ടുണ്ടോ എന്ന് സംശയമാണ്. ബ്രദേഴ്സ് ഡേ - ആ പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ സഹോദര ബന്ധത്തിന്റെ കഥ പറയുന്ന സിനിമയാണ്. ഫെസ്റ്റിവെൽ കാലത്തിന് വേണ്ടുന്ന എല്ലാ ചേരുവകൾ ഉണ്ടായിട്ടും ചിത്രത്തിന് കാഴ്ച്ചക്കാരനെ ഇഷ്ട്ടപ്പെടുത്താൻ കഴിയാതെ പോയത് തിരക്കഥയിൽ വന്ന പോരായ്മകൾ കൊണ്ടാണ്. ഉപകഥകളിലൂടെയുള്ള സഞ്ചാരം മീറ്റർ അളവ് തെറ്റിയപ്പോഴാണ് തിരക്കഥ സിനിമയ്ക്ക് ബാധ്യതയായത്.
പൃഥ്വിരാജിനെ പോലെ താരമൂല്യവും അഭിനയശേഷിയും ഉള്ള ഒരാളെ വച്ച് സിനിമയൊരുക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയേറും. കളർഫുള്ളായി സിനിമയൊരുക്കാൻ സംവിധായകൻ തുനിഞ്ഞപ്പോൾ ഷാജോണിലെ എഴുത്തുകാരൻ കെട്ടുറപ്പുള്ളൊരു കഥയൊരുക്കുന്നതിൽ പരാജയമടഞ്ഞു എന്നതാണ് ചിത്രം കാണുന്ന ഓരോരുത്തർക്കും തോന്നുക. ശരിക്കു പറഞ്ഞാൽ പ്രമോഷൻ കാര്യത്തിലും പിന്നണി പ്രവർത്തകർക്ക് തെറ്റു് പറ്റിയെന്ന് തോന്നുന്നു. അമർ അക്ബർ അന്തോണിപോലെ ഹ്യൂമറിന് പ്രാധാന്യമുള്ള സിനിമയാണെന്നാണ് പ്രേക്ഷകർ കരുതിയത്.
തമിഴ്നാട്ടിലെ ഒരു ഉൾഗ്രാമത്തിൽ നിന്നാണ് ചിത്രത്തിന്റെ കഥയുടെ ആരംഭം. അവിടെ നിന്ന് ഫോര്‍ട്ട് കൊച്ചിയില്‍ കാറ്ററിങ് സര്‍വീസ് നടത്തുന്ന പൃഥ്വിരാജ് അവതരിപ്പിക്കുന്ന റോണിയുടെ ജീവിതത്തിലേക്കാണ് കഥ കണക്റ്റാകുന്നത്. ആദ്യ പകുതിയിൽ അലസമായ സഞ്ചാരമാണ് സിനിമയുടെത്. തുടർന്ന് അങ്ങോട്ട് സസ്പെൻസുകളുടെയും തുടക്കമാണ്. പരസ്പരം കണക്റ്റാകാത്ത അന്തവും കുന്തവുമില്ലാത്ത കഥായാത്ര. രസകരമായ കാര്യം എന്താണെന്നാൽ ഇതിലെ ട്വിസ്റ്റുകൾ എല്ലാം തന്നെ കാഴ്ച്ചകാരന് ഊഹിക്കുവാൻ പാകത്തിലുള്ളതാണെന്നതാണ്.
ബ്രദേഴ്സ് ഡേയിലെ കഥാപാത്രമാകാൻ പൃഥ്വിരാജ് നന്നായി കഷ്ട്ടപ്പെടുന്നതായാണ് സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ തോന്നിയത്. ചിത്രത്തിൽ പൃഥ്വിയുടെ സഹോദരി വേഷത്തിലെത്തിയ പ്രയാഗമാർട്ടിൻ അടക്കം നാല് നായികമാരാണുള്ളത്. ബോറടിപ്പിക്കുന്ന അഭിനയത്തിന്റെ കാര്യത്തിൽ അവർ തമ്മിലും മത്സരിക്കുന്നതായാണ് തോന്നിയത്. തമ്മിൽ കുറച്ചെങ്കിലും കുഴപ്പമില്ലാതെ തോന്നിയത് സാന്റ എന്ന കഥപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ ലക്ഷ്മിയുടെ പ്രകടനമാണ്. മിയയും മഡോണയുമാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മനോഹരങ്ങളായ സംഘട്ടന രംഗങ്ങളാണ് ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളിൽ ഒന്ന്. ഹാസ്യ രംഗങ്ങളിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും പ്രിഥ്വിരാജ് അസാധ്യമായ മെയ് വഴക്കത്തോടെയാണ് സംഘട്ടന രംഗങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. മികച്ചൊരു സൈക്കോത്രില്ലർ സിനിമയ്ക്ക് വേണ്ടുന്ന ചേരുവകൾ ചിത്രത്തിലുണ്ട്. എന്നാൽ അത്തരം ഒരു സാധ്യത സംവിധായകൻ കാണാതെ പോയി എന്നാണ് സിനിമ കണ്ടിറങ്ങുമ്പോൾ തോന്നിയത്.
വില്ലൻ കഥാപാത്രമായെത്തിയ തമിഴ് താരം പ്രസന്ന തൻ്റെ വേഷം കുഴപ്പമില്ലാതെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. വിജയരാഘവൻ രസകരമായ മേക് ഓവറിലാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ചാണ്ടി എന്ന ആ കഥാപാത്രം പൊടിക്ക് ഓവറാവുകയും ചെയ്തു. കോട്ടയം നസീർ നാളുകൾക്ക് ശേഷം നല്ലൊരു കഥാപാത്രമായി മികച്ച പ്രകടനം കാഴ്ച്ച വച്ചിട്ടുണ്ട് ചിത്രത്തിൽ. ശിവാജി ഗുരുവായൂർ, മാല പാർവതി , രാജേഷ് ശർമ്മ , കൊച്ചു പ്രേമൻ , ധർമ്മജൻ ബോൾഗാട്ടി, സ്ഫടികം ജോർജ് , പൊന്നമ്മ ബാബു, കലാഭവൻ ഷാജോൺ, വിജയകുമാർ, അനിൽ മുരളി, ബാലതാരം എറിക് അനിൽ എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ജിത്തു ദാമോദറിന്റെ ഛായാഗ്രാഹണമികവിലാണ് ചിത്രം അതിന്റെ ത്രില്ലർ രൂപം കൈവരിച്ചിരിക്കുന്നത്. ഫോർ മ്യൂസിക്സിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ശരാശരിക്കും താഴെയായി പോയി. അത്യാവശ്യം ത്രില്ലർ സിനിമകളോട് താൽപര്യമുള്ളവർക്ക് ചിത്രത്തിന്റെ രണ്ടാം പകുതി ഇഷ്ട്ടമാകും. ആദ്യ ചിത്രം നിരാശയായി പോയെങ്കിലും ഷാജോൺ എന്ന സംവിധായകൻ മികച്ചൊരു സിനിമയുമായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം.