
Ittimani Made In China Movie Review
ഇട്ടിമാണി എന്ന ഡ്യൂപ്ലിക്കേറ്റ്മാണി. ഒറ്റവാക്കിൽ അങ്ങനെ പറയാം നവാഗതരായ ജിബി-ജോജു ടീം ഒരുക്കിയ ഇട്ടിമാണിമെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തെ. മോഹൻലാൽ എന്ന സൂപ്പർ താരത്തെ വച്ച് വളരെക്കുറച്ചു നവാഗത സംവിധായകർക്ക് മാത്രമേ അവരുടെ ആദ്യ സിനിമ ഒരുക്കുവാൻ സാധിച്ചിട്ടുള്ളു. അത്തരത്തിൽ ഭാഗ്യം ലഭിച്ച നവാഗത സംവിധായകർ ഒരുക്കിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രം .
വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാൻ മടിക്കുന്ന മക്കൾക്കുള്ള താക്കീതാണ് ഇട്ടിമാണി എന്ന ചിത്രം. അതുമാത്രമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസ്റ്റീവായ കാര്യം. പക്ഷേ മോഹൻ ലാലിനെ പോലെ ഒരാളെ ലഭിച്ചിട്ടും മികച്ച സിനിമ സമ്മാനിക്കുന്നതിൽ സംവിധായകർ വൻ പരാജയമായി പോയി എന്നത് സങ്കടകരമാണ്. നല്ല കഥയും തിരക്കഥയും ഒരുക്കുന്നതിൽ വന്ന പിഴവാണ് അതിന് കാരണം.
മോഹൻലാലിൻറ്റെതടക്കം തന്നെ നിരവധി ചിത്രങ്ങളിൽ കണ്ടു മറന്ന രംഗങ്ങളെ സ്ഥലകാല വ്യത്യാസത്തിൽ കൂട്ടിച്ചേർക്കുക മാത്രമാണ് സംവിധായകർ ചെയ്തത്. ഡ്യൂപ്ലിക്കേറ്റ് വസ്തുക്കൾ ലഭിക്കുന്നതിന് ഒരു കാലത്ത് പേരുകേട്ട ഇടമായിരുന്ന കുന്നംകുളത്തിന്റെ പശ്ചാത്തലത്തിൽ ഒരു കഥ പറയുമ്പോൾ രസകരമായ ഒട്ടെ ഏറെ ജീവിതമുഹൂർത്തങ്ങൾ കണ്ടെടുക്കാമായിരുന്നു. വെള്ളിമൂങ്ങ, കനൽക്കാറ്റ്, ഇന്നത്തെ ചിന്താവിഷയം,സ്നേഹവീട് ഇവയുടെ സംമിശ്രണമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രം.
മോഹൻലാലിന്റെ കഥാപാത്രമായ ഇട്ടിമാണിയുടെ വൺമാൻ ഷോയാണ് ചിത്രത്തിൽ ഉടനീളം. ആളുകൾക്ക് മുന്നിൽ അയാൾ സ്വന്തം അമ്മയുടെ ഒപ്പറേഷന് പോലും കമ്മീഷൻവാങ്ങിയ കുശാഗ്രബുദ്ധിക്കാരനാണ്. സ്വന്തമായി ഇപ്പോഴും ഡ്യൂപ്ലിക്കേറ്റ് വസ്തുക്കൾ ഉണ്ടാക്കി കച്ചവടം ചെയ്യുന്ന ആളുമാണ് അവിവിവാഹിതനായ ഇട്ടിമാണി. ഏറെക്കുറെ വെള്ളി മൂങ്ങഎന്ന സിനിമയിലെ മാമച്ചനോടാണ് ഇട്ടിമാണി എന്ന കഥാപാത്രത്തിന് കടപ്പാട് എന്നു പറയേണ്ടിവരും.ഏതാണ്ട് മാമച്ചന്റെ എല്ലാത്തരത്തിലുള്ള മാനറിസങ്ങളും ഇട്ടിമാണിക്കും കാണാം.അതിലെ കഥാപാത്രത്തെ പോലെ ഇട്ടിമാണിയും പ്രായം തികഞ്ഞിട്ടും കല്ല്യാണമൊന്നും കഴിക്കാതെയാണ് ജീവിക്കുന്നത്. വെള്ളി മൂങ്ങയിൽ ബിജുമേനോന്റെ മാമച്ചന് കൂട്ടായി ഉണ്ടായത് അജു വിന്റെ കഥാപാത്രമായിരുന്നു. ഈ ചിത്രത്തിലും ഏതാണ്ട് അതെ റോളിൽ തന്നെയാണ് അജുവർഗ്ഗീസ് പ്രത്യക്ഷപ്പെടുന്നത്. തൃശ്ശൂർ ഭൂമികയിൽ കഥനടക്കുമ്പോഴും ഇട്ടിമാണിയും സുഗുണനും( അജു ) മാത്രമാണ് ഇടയ്ക്കെങ്കിലും തൃശ്ശൂർ ഭാഷ സംസാരിക്കുന്നുള്ളു എന്നതും രസകരമായി തോന്നി. അത്തരത്തിലുള്ള കല്ലുകടികളും ചിത്രം കാണുമ്പോൾ നിരാശനൽകുന്നതാണ്.കെ.പിഎസി ലളിതയുടെ അമ്മ വേഷം മനോഹരമാണെങ്കിലും അതും വെള്ളിമൂങ്ങയിലെ കഥാപാത്രത്തെയാണ് ഓർമ്മിപ്പിക്കുന്നത്.ചിത്രത്തിൽ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് രാധിക ശരത്കുമാർ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ കഥാപാത്രത്തിന് ശബ്ദ്ധം നൽകിയത് പോരായ്മയായി തോന്നി.നാടകീയത കലർന്ന സംഭാഷണങ്ങളാണ് രാധികയ്ക്ക് നൽകിയ ശബ്ദ്ധത്തി ന്റെ പോരായ്മയായി മാറുന്നത്.
സ്വന്തം അമ്മയുടെ ശസ്ത്രക്രീയക്ക് വേണ്ടി ആശുപത്രിയിൽ അടക്കുവാൻ കൊണ്ടുവന്ന പണത്തിൽ നിന്ന് കമ്മീഷൻ വാങ്ങുന്ന ഇട്ടിമാണിയെ കാട്ടികൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. രസകരമായ ആ തുടക്കം മോഹൻലാൽ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ.പിന്നീട് അങ്ങോട്ട് ഇട്ടിമാണി എന്താണെന്ന് കാട്ടി തരികയാണ് .പുറമേ കമ്മീഷൻ പറ്റിയും ഡ്യൂപ്ലിക്കേറ്റ് വസ്തുക്കൾ ഉണ്ടാക്കി വിൽക്കുകയും ചെയ്യുന്ന ഒരാളാണ് ഇട്ടിമാണി എന്നാൽ അതിനെല്ലാം അപ്പുറം സ്നേഹവും നന്മയും കൊണ്ടുനടക്കുന്നയാൾക്കൂടിയാണ്. താൻ സ്നേഹിക്കുന്നവർക്ക് വേണ്ടി അയാൾ ചങ്ക് വരെപറിച്ചു കൊടുക്കും അത്തരത്തിലുള്ള അയാളുടെ പ്രവൃത്തികളിലൂടെയുള്ള സഞ്ചാരമാണ് ഇട്ടിമാണി എന്ന ചിത്രം പ്രേക്ഷകർക്ക് മുന്നിൽ കാട്ടുന്നത്.
പള്ളീലച്ചനായ സിദ്ദീഖ് അവതരിപ്പിക്കുന്ന കഥാപാത്രവും പള്ളി പ്രസിഡന്റായ ഇട്ടിമാണിയും ഒത്തുചേരുമ്പോൾ നേർത്ത ചിരിക്കുള്ള വഴിയാകുന്നുണ്ട് . ധർമ്മജൻ, സലിംകുമാർ, സാജു നവേദയതുടങ്ങിയവർ ചിത്രത്തിൽ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. കൈലാഷിന്റെയും വിനു മോഹന്റെയും പ്രകടനം ടീവി സിരിയൽ അഭിനയമായാണ് തോന്നിയത്. ജോണി ആന്റണിയുടെ വക്കീൽ കഥാപാത്രം അൽപ്പം അരോജകമായാണ് ഫീൽ ചെയ്തത് കഥാപാത്രത്തിന്റെ മരണരംഗം കോമഡിയാക്കാൻ ശ്രമിച്ചത് നിലവാരം കുറഞ്ഞ ശ്രമമായാണ് അനുഭവപ്പെട്ടത്.
ചിത്രത്തിലെ ഗനങ്ങൾ ശരാശരിയിൽ ഒതുങ്ങിയപ്പോൾ പശ്ചാത്തല സംഗീതം അൽപ്പം ഭേദമുള്ളതായി തോന്നി.ഷാജികുമാറിന്റെ ഛായാഗ്രഹണമികവ് കഥയുടെ സഞ്ചാരത്തിന് ഗുണകരമാകുന്നുണ്ട്. രണ്ടാം പകുതിയിൽ ചിത്രസംയോജകൻ അൽപ്പമെന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഇഴച്ചിൽ ഒഴിവാക്കാമായിരുന്നു.ശ്വാസിക,സാജു കൊടിയൻ , അരിസ്റ്റോ സുരേഷ്, അഞ്ജന അപ്പുക്കുട്ടൻ, സുനിൽ സുഖദ തുടങ്ങിയതാരങ്ങളും തങ്ങൾക്ക് കിട്ടിയ കഥാപാത്രങ്ങളെ കുഴപ്പമില്ലാത്ത രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട് സിനിമയിൽ.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഇട്ടിമാണിയെ അമിത പ്രതീക്ഷകൾ ഇല്ലാതെ സമീപിച്ചാൽ ഇഷ്ട്ടമാകും.